കണ്ണൂർ:കണ്ണൂർ റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവം പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസിൽ രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
യുവതലമുറയുടെ മനസ്സിനെ ഭ്രാന്തമാക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെ പലതും രംഗത്ത് വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികളുടെ മനസ്സാണ് ഏറ്റവും അമൂല്യമായ നിധി. വളർന്നു വരുന്ന തലമുറയുടെ മനസ്സ് വിശുദ്ധമാക്കുന്നതിൽ കലാപ്രവർത്തനത്തിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
കലോത്സവ ലോഗോ ഡിസൈൻ ചെയ്ത പ്രമോദ് വേങ്ങരയെ ചടങ്ങിൽ ആദരിച്ചു.
ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി എന്നിവർ മുഖ്യാതിഥികളായി.
പയ്യന്നൂരിലെ 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നു. യു പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 15 ഉപജില്ലകളിലെ 10,695 പ്രതിഭകൾ മാറ്റുരയ്ക്കുന്നു.
നവംബർ 23 വരെയാണ് കലോത്സവം. 23ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
