കണ്ണൂർ: യുവാവിന്റെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ എസ്‌ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എൻ.പി.ജയകുമാറിനെതിരെയാണ് നടപടി.
കുടുക്കിമെട്ട സ്വദേശി അമല്‍ നല്‍കിയ പരാതിയില്‍ കണ്ണൂർ എ.സി.പി ടി.കെ.രത്നകുമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ എസ്‌ഐ എൻ.പി.ജയകുമാറിനെ സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവില്‍ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. അതിനിടയില്‍ കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നിന്ന് രാത്രി 9.30-ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.ഐ ജയകുമാർ അവിടെ ബസിറങ്ങി. പിന്നീട് ബസ്‌സ്റ്റോപ്പില്‍ ചെന്നിരുന്നു. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് എസ്‌ഐ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. അതോടെ ബാഗിനായി ഇരുവരും പിടിവലിയായി.
ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിന്റെ പിതാവിനെ പോലീസുദ്യോഗസ്ഥൻ തള്ളിയിട്ടു. പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് യുവാവ് ബാഗ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി ബസില്‍ ചാടിക്കയറി. പിടിവലിയുടെ ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം
മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി. തുടർന്ന് കണ്ണൂർ എ.സി.പി. ടി.കെ.രത്നകുമാർ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം ഉള്‍പ്പെടെ പരിശോധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നല്‍കി. തുടർന്നാണ് എസ്‌ഐയെ സസ്പെൻഡ് ചെയ്തത്.
