മുംബൈ: മഹാരാഷ്ട്രയിൽ പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകൾ തമ്മിൽ ഡാറ്റകളിൽ വൻ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണൽ പൂർത്തീകരിച്ചപ്പോൾ അഞ്ച് ലക്ഷത്തോളം വോട്ടുകൾ അധികമാണെന്ന് ഓൺലൈൻ മാധ്യമായ ദി വയർ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും കൃത്രിമം നടന്നതായി സംശയിക്കുന്ന ഡാറ്റകളാണ് പുറത്തുവരുന്നത്. ആകെ പോൾ ചെയ്‌തതിനെക്കാൾ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ എണ്ണിയെന്നാണ് ആരോപണം. മഹാരാഷ്ട്രയിൽ വോട്ടിങ് ശതമാനം 66.05 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചിട്ടില്ല.
288 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64,088,195 പേർ വോട്ട് ചെയ്തപ്പോൾ എണ്ണിയത് 64,592,508 വോട്ടുകളാണ്. പോൾ ചെയ്‌തതിനെക്കാൽ 5,04,313 വോട്ടുകൾ അധികം എണ്ണിയെന്നാണ് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നത്. 200 മണ്ഡലങ്ങളിൽ അധികമായും എട്ട് മണ്ഡലങ്ങളിൽ കുറവായുമാണ് വോട്ടുകൾ എണ്ണിയതെന്നാണ് ആരോപണം.
പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണപ്പെട്ട അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും വലിയ പൊരുത്തക്കേടുകൾ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമഗ്രമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152ൽ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റ് നേടി. സംസ്ഥാനത്ത് 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്.
102 സീറ്റിൽ മൽസരിച്ച കോൺഗ്രസിന് കിട്ടിയത് 20 ശതമാനത്തിൽ താഴെ സീറ്റുകളാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എന്സിപി ശരത് പവാർ വിഭാഗത്തിനും അവരുടെ ശക്തികേന്ദ്രങ്ങളിൽ പോലും പിടിച്ചു നിൽക്കാനായില്ല. ബാരാമതിയിൽ വിജയിച്ച് അജിത് പവാർ പകരം വീട്ടി
കോൺഗ്രസിൻ്റെ പല പ്രമുഖരും ഇത്തവണ തോറ്റു. സിറ്റിംഗ് സീറ്റായ കൽവാൻ നിലനിർത്താനായത് സിപിഎമ്മിന് ആശ്വാസമായി. വൻ തിരിച്ചടി നേരിട്ട പ്രതിപക്ഷം അതിനാൽ തന്നെ വോട്ട് കണക്കിലെ ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എല്ലാ മണ്ഡലത്തിലും പോൾ ചെയ് വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ദി വയറിന്റെ റിപ്പോർട്ട് പറയുന്നത്.
