പുതിയ ജീവിത നൈപുണികള്‍ കുട്ടികളെ പഠിപ്പിക്കണം: ബാലാവകാശ കമ്മീഷൻ


 കണ്ണൂർ: പുതിയ ജീവിത നൈപുണികള്‍ കുട്ടികളെ പഠിപ്പിക്കണമെന്നും ഓരോ കുട്ടിയേയും കഴിവിനനുസൃതമായി വളർത്തിയെടുത്താല്‍ അവർ സമൂഹത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ് കുമാർ പറഞ്ഞു. ബാല സൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച്‌ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരീശീലന പരിപാടി കളക്‌ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പു വരുത്തുന്നതിനായി 'സുരക്ഷിത ബാല്യം സുന്ദര ഭവനം' എന്ന പദ്ധതിയുമായി ബാലാവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ്.

കുടുംബകോടതികളില്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ കുട്ടികളെക്കുറിച്ച്‌ പഠനം നടത്തുന്നു. അവരുടെ മാനസികാവസ്ഥ, കൗണ്‍സലിംഗ് സൗകര്യം തുടങ്ങിയവ പരിശോധിക്കും- ചെയർപേഴ്സണ്‍ പറഞ്ഞു.

ഉത്തരവാദിത്ത പൂർണമായ രക്ഷാകർത്തൃത്വം, ബാലാവകാശ നിയമം എന്നീ വിഷയങ്ങളില്‍ സൈക്യാട്രിക് സോഷ്യല്‍ വർക്കർ നിഖിത, സിഡബ്ല്യുസി അംഗം അഡ്വ. എ.പി. ഹംസക്കുട്ടി എന്നിവർ പരിശീലനം നല്‍കി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി. ജയൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. വിനേഷ്, അസിസ്റ്റന്‍റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ കെ. വിജിത്ത്, പി.ഒ. ദീപ, തുടങ്ങിയവർ പ്രസംഗിച്ചു.

ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ള പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ മുതലായവ തടയുക, ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണം നല്‍കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 180 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ജില്ലാതല റിസോഴ്സ് പേഴ്സണ്‍ പൂള്‍ രൂപീകരിക്കും.

വളരെ പുതിയ വളരെ പഴയ