കണ്ണൂർ: അന്തർ സംസ്ഥാന കവർച്ചാ സംഘത്തില്‍പ്പെട്ട മൂന്നു പേരെത്തിയാണ് വളപട്ടണത്ത് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
വീടും കുടുംബവുമായുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രണത്തോടെയാണ് സംഘം എത്തിയതെന്ന് കവർച്ചാ രീതിയില്‍ നിന്ന് മനസ്സിലായതായി അന്വേഷണ സംഘം പറയുന്നു.
വീടിന്റെ തെക്കു ഭാഗത്ത് പാർട്ടി ഓഫീസിനോടു ചേർന്നുള്ള മതില്‍ ചാടിക്കടന്നാണ് ബുധനാഴ്ച രാത്രി 8.15-ഓടെ രണ്ടു പേർ ഇരുനില വീട്ടിലെത്തിയത്. താഴത്തെ നിലയിലെ ചുമരില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ തിരിച്ച് ദിശ മാറ്റി വെക്കുകയാണ് ആദ്യം ചെയ്തത്. എന്നാല്‍, വീടിന്റെ ഇടതു ഭാഗത്തുള്ള കാർപോർച്ചിലെ സി.സി.ടി.വി.യില്‍ ആ ദൃശ്യം വ്യക്തമായിട്ടുണ്ട്. രണ്ടു പേർ മതില്‍ ചാടിക്കടക്കുന്നതായും ഒരാള്‍ റോഡിന് സമീപം നില്‍ക്കുന്നതായും ദൃശ്യത്തിലുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
കവർച്ചാ സംഘം ആദ്യം പിന്നിലെ വാതില്‍ തകർത്ത് അകത്തു കയറാനാണ് ശ്രമിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് അടുക്കള ഭാഗത്തെ ജനല്‍ ലക്ഷ്യമിട്ടത്. മൂന്ന് പാളികളുള്ള ജനലിന്റെ ഇരുമ്പ് ഗ്രില്ല് ഇളക്കി മാറ്റിയ ശേഷം അതു വഴിയാണ് അകത്തേക്ക് കടന്നത്. വീടിനകത്ത് കടന്ന സംഘം ലോക്കർ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് നേരേ പോയത്. 30 മുതല്‍ 45 മിനിട്ടുകള്‍ക്കുള്ളില്‍ കവർച്ച നടത്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. അഷറഫും ഭാര്യയുമാണ് വീട്ടില്‍ താമസം. മകൻ അഴീക്കോട്ടും മകള്‍ ബെംഗളൂരിലുമാണ്. എന്നാല്‍ മകൻ അദിനാൻ അഷറഫ് മിക്കപ്പോഴും മന്നയിലെ വീട്ടില്‍ വരാറുമുണ്ട്. വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.വി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയറിഞ്ഞ് തിങ്കളാഴ്ച രാവിലെ മുതല്‍ നാട്ടുകാരും വീടിന് മുന്നില്‍ തമ്പടിച്ചിരുന്നു.
പോലീസ് നായ ഓടിയത് റെയില്‍വേ സ്റ്റേഷനിലേക്ക്
രാവിലെ 10.15-ഓടെയാണ് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയത്. കവർച്ച സംഘം വീട്ടിനകത്തേക്ക് കടന്ന ജനല്‍പ്പാളിയില്‍ നിന്നും കിടപ്പു മുറിയിലെ ലോക്കറില്‍ നിന്നും പോലീസ് നായ റിക്കി മണംപിടിച്ച് നേരേ പുറത്തേക്ക് ഓടി. വീടിനോടു ചേർന്നുള്ള പാർട്ടി ഓഫീസിന്റെ വരാന്തയില്‍ കയറി. തുടർന്ന് വീടിന്റെ തൊട്ടടുത്തുള്ള ചെറു റോഡിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഓടി. ഇടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു. പിന്നീട് പടവുകള്‍ ഇറങ്ങി റെയില്‍വേ ട്രാക്കിലേക്ക് എത്തി. പിന്നീട് 300 മീറ്ററോളം ദൂരത്തില്‍ പാളത്തിനരികിലൂടെ ഓടി വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ ചെന്നുനിന്നു. റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലെ വടക്കുഭാഗത്തുള്ള സ്റ്റോർ റൂമിന് മുന്നിലാണ് പോലീസ് നായ ഓട്ടം നിർത്തിയത്. പോലീസ് നായ അവിടെ ഇരുന്നതോടെ കവർച്ച സംഘം അവിടെ വരെ എത്തിയതായി പോലീസ് അനുമാനിക്കുന്നു.
കവർച്ചയ്ക്കു ശേഷം മോഷ്ടാക്കള്‍ റെയില്‍ മാർഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. രാത്രി ഒൻപതിന് തിരുവനന്തപുരം ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിനും രാവിലെ 6.30-ന് മംഗളൂരു ഭാഗത്തേക്കുള്ള മലബാർ എക്സ്പ്രസിനും മാത്രമാണ് ഈ സമയങ്ങളില്‍ വളപട്ടണം സ്റ്റേഷനില്‍ സ്റ്റോപ്പുള്ളൂ. അതുകൊണ്ട് കവർച്ച സംഘം ഈ തീവണ്ടികളില്‍ ഏതിലെങ്കിലും ഒന്നില്‍ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അർധ രാത്രിക്കു ശേഷം അതുവഴി കടന്നു പോയ ഏതെങ്കിലും തീവണ്ടി സാങ്കേതിക കാരണങ്ങളാല്‍ വേഗം കുറച്ച് പോയപ്പോള്‍ ചാടിക്കയറി രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കവർച്ചാസംഘമെത്തിയതായി നാട്ടുകാർ
വളപട്ടണത്തും പരിസരത്തും കവർച്ച സംഘം എത്തിയതായി സൂചനകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. വളപട്ടണം പോലീസ് സ്റ്റേഷന് പിറകു ഭാഗത്തെ ചില വീടുകളില്‍ പുലർച്ചെ മൂന്നോടെ പൈപ്പ് തുറന്ന് വെള്ളമൊഴുക്കിയതായും ഭയം കാരണം പുറത്തിറങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു.
രാവിലെയോടെയാണ് കവർച്ചയുടെ വാർത്ത അറിഞ്ഞതെന്നും കവർച്ച സംഘം വളപട്ടണത്തും പരിസരത്തുമുള്ളതായി വിശ്വസിക്കുന്നതായും നാട്ടുകാർ പറഞ്ഞു. കവർച്ച നടന്ന വീടിനോടു ചേർന്നാണ് അഷറഫ് ട്രേഡേഴ്സ് എന്ന സ്ഥാപനവും ഗോഡൗണും പ്രവർത്തിക്കുന്നത്. കണ്ണൂർ റൂറല്‍ എസ്.പി. അനൂജ് പലിവാല്‍ മന്നയിലെ വീട് സന്ദർശിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷറഫിന്റെ പൂട്ടിയിട്ട വീട്ടില്‍ നടന്ന വൻ കവർച്ച അന്വേഷിക്കാൻ അസി. പോലീസ് കമ്മീഷണർ ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം രൂപവത്കരിച്ചു. വളപട്ടണം, കണ്ണൂർ സിറ്റി, ചക്കരക്കല്‍, മയ്യില്‍ പോലീസ് ഇൻസ്പെക്ടർമാരും എസ്.ഐ.മാരും സംഘത്തിലുണ്ട്. വളപട്ടണം, പുതിയതെരു, മന്ന, അഴീക്കോട് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യം പോലീസ് പരിശോധിച്ചു വരികയാണ്.
ഉത്തരമേഖല ഡി.ഐ.ജി. രാജ്കുമാർ മീണയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് അന്വേഷണസംഘം യോഗം ചേർന്നു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. അഷറഫ് ബ്രാൻഡ് അരി ഉടമ അഷറഫിന്റെ 'കോറല്‍' വീട്ടില്‍ നിന്ന് കവർന്നത് ഒരുകോടി രൂപയും 300-ലേറെ പവൻ സ്വർണ-വജ്രാഭരണങ്ങളുമാണ്. ആകെ മൂന്നു കോടിയോളം രൂപയുടെ കവർച്ച നടന്നതായാണ് അഷറഫിന്റെ മകൻ അദിനാൻ അഷറഫ് വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കിടപ്പുമുറിയിലെ ലോക്കറിലാണ് പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. ലോക്കറിന്റെ താക്കോല്‍ ഒരു അലമാരയില്‍ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോല്‍ മറ്റൊരു അലമാരയിലാണ് വീട്ടുകാർ വെച്ചിരുന്നത്. ഇങ്ങനെ ലഭിച്ച ലോക്കറിന്റെ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയത്. എല്ലാ മുറിയിലെയും അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്.



