ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുന്നു; ബിജെപി


പേരാമ്പ്ര : നരേന്ദ്രമോഡി സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ് കുറ്റപ്പെടുത്തി.

വരുമാന പരിധി നോക്കാതെ രാജ്യത്തെ 70 വയസ്സ് കഴിഞ്ഞ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുമായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്. 

എന്നാല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ആവശ്യമായിട്ടുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ദിവസേന നൂറുകണക്കിന് ആളുകളാണ് അക്ഷയ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സിഎസ് സി സെന്ററുകളിലും ഇതുമായി ബന്ധപ്പെട്ട് കയറി ഇറങ്ങുന്നതെന്നും എന്നാല്‍ പദ്ധതി എപ്പോള്‍ നടപ്പിലാക്കുമെന്നോ, എന്ന് മുതല്‍ റജിസ്റ്റര്‍ ചെയ്യാന്‍ പറ്റുമെന്ന് കൃത്യമായ ഒരു മറുപടി പറയാന്‍ അക്ഷയ കേന്ദ്രങ്ങളിലെയും സിഎസ് സി സെന്ററുകളെയും ജീവനക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കേണ്ടത് സംസ്ഥാന ഹെല്‍ത്ത് മിഷന്‍ ആണ്. ഹെല്‍ത്ത് മിഷനില്‍ ബന്ധപ്പെടുമ്ബോള്‍ അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം വന്നിട്ടില്ല എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്.

എത്രയും പെട്ടെന്ന് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പാടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മോദി സര്‍ക്കാറിനോടുള്ള വിരോധം വെച്ച്‌ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് മാറി നില്‍ക്കുന്ന പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനെ പോലെയും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പോലെയും കേരള സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കെ.കെ രജീഷ് കുറ്റപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ