കണ്ണൂർ: പണം കടം വാങ്ങി തിരിച്ചു കൊടുക്കാത്തതിന്‍റെ വിരോധത്തില്‍ യുവാവിനെയും കുടുംബത്തെയും കാറില്‍ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റില്‍.
കാസർഗോഡ് വിദ്യാനഗർ സ്വദേശികളായ ടി.എ.സമീർ (34), എം. അബ്ദുള്ള (41), കുമ്പള സ്വദേശി എം.കെ. സെയ്ദലി(30) എന്നിവരെയാണ് കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏഴിന് താവക്കര ഐഒസിക്കടുത്തായിരുന്നു കേസിനാസ്പദമായ സംഭവം.
കാസർഗോഡ് വിദ്യാനഗർ സ്വദേശി പി.മുഹമ്മദ് ഷാബിറിനെയും ഭാര്യയെയും മൂന്നു വയസുള്ള മകനേയുമാണ് താവക്കരയിലെ താമസ സ്ഥലത്ത് വച്ച് മർദിച്ച് ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചത്. ബഹളം വച്ചതിനെ തുടർന്ന് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇവർ യുവാവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് എസ്‌ഐ മാരായ സവ്യസാചി, ഷമീല്‍ എന്നിവരടങ്ങിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി.
പ്രതികളുടെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ച് കൊടുക്കാത്തതിന്‍റെ വിരോധത്തില്‍ കാറില്‍ തട്ടിക്കൊണ്ടു പോയി മർദിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.