റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം ദുഷ്ക്കരമായ തലശ്ശേരി സംഗമം കവലയിൽ റോഡ് നവീകരണത്തിനായാണ് പാലം അടച്ചിട്ടത്.ഇന്ന് രാത്രി 10മണിയോടെ പാലം തുറക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ റോഡ് അടച്ചിട്ട് നവീകരണ പ്രവൃത്തിയാരംഭിച്ചത്. റോഡിൽ ഇന്റർ ലോക്ക് പ്രവൃത്തി പൂർത്തിയായി. ദിശാസൂചികാ ബോർഡുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. കൂത്തുപറമ്പിലേക്കുള്ള യാത്രക്കാർക്കുള്ള ബസ്സ്റ്റോപ്പ് ജംഗ്ഷനിൽ നിന്നും 10 മീറ്ററോളം അകലത്താക്കിയിട്ടുണ്ട്.
തലശേരിയിലേക്കുള്ള യാത്രക്കാർക്കുള്ള ബസ് സ്റ്റോപ്പ് മാറ്റിയിട്ടില്ല. വെള്ളിയാഴ്‌ച രാത്രി പാലം തുറന്നുകൊടുക്കുന്നതോടെ 10 ദിവസത്തോളമായി യാത്രക്കാർ അനുഭവിക്കുന്ന ദുരിതയാത്രക്ക് സമാപനമാകും.
പാലം അടച്ചതോടെ തലശ്ശേരി - കൂത്തുപറമ്പ് റോഡിൽ ഇരുഭാഗത്തേക്കും പോകുന്നതും, വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം - ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരുഭാഗത്തേക്കും ജൂബിലി റോഡ് - രണ്ടാം ഗേറ്റ് - കീഴന്തിമുക്ക് - ചിറക്കര വഴിയും വഴിതിരിച്ച് വിടുകയായിരുന്നു. കണ്ണൂരിലെ ഗേറ്റ് കോൺ കമ്പിനിയാണ് ഇന്റർലോക്ക് പ്രവൃത്തി കരാർ ഏറ്റെടുത്തത്. പാലത്തിന്റെ മധ്യഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞിടത്ത് ടാറിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. 1999ൽ ആണ് സംഗമം പാലം പണിതത്.കൈവരികൾ തകർന്നത് മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി രണ്ടാം ഘട്ടമായി നടക്കും.