പാലക്കാട്: പാലക്കാട് സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി സരിൻ മത്സരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ മുൻ എംഎൽഎയായ യു ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പാർട്ടിക്ക് വിശ്വാസമുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ പടവെട്ട് ആരംഭിച്ചുവെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത് കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടാണ്. തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചതും കോൺഗ്രസിന്റെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു
