മലപ്പുറം : പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറില്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.
ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു.തുടർ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
ഭൂമിക്കടിയില്‍ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകള്‍ക്ക് വിളളല്‍ വീണതായി പരിശോധനയില്‍ കണ്ടെത്തി.ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.