തലശ്ശേരി: മഴക്കോളും കന്നിക്കൊയ്ത്തും കഴിഞ്ഞ് തുലാം പിറന്നതോടെ അത്യുത്തര കേരളത്തിൽ ഇനി കളിയാട്ടക്കാലം. തെക്കൻ കേരളത്തിൽ വ്യാഴാഴ്ചയും വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയുമാണ് തുലാം ഒന്ന്. തുലാം മുതൽ ഇടവപ്പാതി വരെയുള്ള ദിനരാത്രങ്ങളാണ് തെയ്യങ്ങളുടെ വാചാലുകളാൽ സമൃദ്ധമാവുക. കാർഷിക പ്രാധാന്യമുള്ള അനുഷ്ഠാനം കൂടിയാണ് തെയ്യം. കാവുകളും തറവാട്ടു മുറ്റങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളും ഇനി തോറ്റംപാട്ടിന്റെ താളമേളങ്ങളും ചിലമ്പിന്റെ കലമ്പലും കൊണ്ട് മുഖരിതമാവും.
പത്താമുദയമായ തുലാം 10 നാണ് വടക്കൻ കേരളത്തിൽ തെയ്യത്തിനാരംഭം. ചടങ്ങുകൾ വെള്ളിയാഴ്ച വൈകിട്ട് ആരംഭിക്കും. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യങ്ങൾ. കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കിൽ വടക്കേ മലബാർ ദൈവങ്ങളുടെ നാടാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അനുഷ്ഠാന കല കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കെട്ടിയാടുന്നത്. മനോഹരമായ മുഖമെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന കലാരൂപമാണ്. ജാതി മതത്തിനതീതമായി ആയിരങ്ങൾ ഒത്തുചേരുന്ന സങ്കേതം കൂടിയാണ് തെയ്യപ്പറമ്പുകൾ.
