കൊച്ചി: പുതിയ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ലുലു നടത്തി വരാറുള്ള അഭിമുഖത്തിൽ ഇത്തവണ പങ്കെടുക്കാനെത്തിയ 70കാരൻ റശീദ് സമൂഹ മാധ്യമങ്ങളിൽ വൈറൽ താരം. സൗദിയിലടക്കം 38 വർഷം പ്രവാസിയായിരുന്ന ഈ വയോധികൻ, വിശ്രമത്തിന് ഇടം നൽകാതെ ഇനിയും ജോലി ചെയ്ത് ജീവിക്കാനുള്ള ചങ്കൂറ്റവുമായാണ് അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത്. നന്നായി ജോലി എടുക്കണം, ഇനിയും ജോലി ചെയ്യാനുള്ള മനസ്സാണ് എനിക്ക്- കൂട്ടിക്കട സ്വദേശിയായ റശീദ് പറയുന്നു.
അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് യുവജനങ്ങൾക്കിടയിൽ വരിയിൽ നിൽക്കുന്ന റശീദ് പലരേയും അമ്പരിപ്പിച്ചു. സ്മാർട്ടായി എത്തിയ റശീദിന്റെ ആത്മവിശ്വാസവും ജോലി ചെയ്തു ജീവിക്കാനുള്ള ഔത്സുക്യവും അഭിമുഖത്തിനെത്തിയവർ പ്രചോദനമേകുന്നതായിരുന്നു. കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന വയോധികന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകളും.
ജോലിക്ക് സെലക്ട‌് ചെയ്തതായി അഭിമുഖം നടത്തിയവർ അറിയിച്ചതായും അദ്ദേഹം ഒരു പ്രാദേശിക മാധ്യമത്തോട് പറയുന്നുണ്ട്. തിരുവനന്തപുരത്ത് ജോലിക്ക് ചേരാൻ കഴിയുമോ എന്നാണ് അവർ ചോദിച്ചത്. എവിടെയാണ് ജോലി എന്നതു സംബന്ധിച്ച് തീരുമാനം പറഞ്ഞിട്ടില്ല. എവിടേയും ജോലി ചെയ്യാൻ ഒരുക്കമാണ്. ജോലി കിട്ടിയാൽ ഭാഗ്യമാണ്, വിളിച്ചാൽ പോകുമെന്നും റശീദ് പറയുന്നു. ജോലി ലഭിച്ചില്ലെങ്കിലും പ്രശ്നമില്ലെന്നും അദ്ദേഹം പറയുന്നു. വീട്ടിൽ തനിക്ക് അടങ്ങിയിരുന്ന് ശീലമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 20 വർഷം യുഎഇയിലെ അബുദബിയിലായിരുന്നു. സൗദി അറാംകോയിൽ സേഫ്റ്റി സൂപ്പർവൈസർ, ട്രെയ്നർ, എച്ച്എസ്സി മാനേജർ എന്നീ പദവികളിൽ 18 വർഷവും ജോലി ചെയ്തിട്ടുണ്ട്.
1996 വരെ അബുദാബിയിലായിരുന്നു. അന്നു മുതലെ ലുലുവിനെ കുറിച്ചും യൂസുഫ് ഭായിയേയും കുറിച്ചും അറിയാം. ഇതുവരെ ഒരു മോശം പേരും കേൾപ്പിച്ചിട്ടില്ലെന്നതാണ് ലുലുവിന്റെ പ്രത്യേകത. അതിന് അദ്ദേഹം അവസരം കൊടുത്തിട്ടില്ല. അവരുടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ കൊള്ളാമെന്ന് ഇപ്പോൾ ഒരു തോന്നലുണ്ടായി. അങ്ങനെയാണ് അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത്- റശീദ് പറഞ്ഞു.
