വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ വോട്ടുകള്‍ ഇനിയും എണ്ണിയില്ലെന്ന് പരാതി

 


കോഴിക്കോട്: സംസ്ഥാനത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും രണ്ട് ബൂത്തുകളിലെ വോട്ട് ഇനിയും എണ്ണിയില്ല.

വടകര പാർലമെന്റ് മണ്ഡലത്തിലെ അഴിയൂർ ആറാം നമ്പർ ബൂത്ത്, ചോറോട് 83ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടെണ്ണാത്തത്. 

ആറാം നമ്പർ ബൂത്തിലെ വോട്ട് എണ്ണാനെടുത്തപ്പോൾ ബാലറ്റ് അക്കൗണ്ടിലും വോട്ടിങ് മെഷിനിലും രണ്ടുതരം കണക്ക് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. വോട്ടിന്റെ കണക്കിൽ വ്യത്യാസം വന്നതിനെ തുടർന്ന് പരാതി ഉയർന്നു. 

തുടർന്ന് വോട്ടെണ്ണല്‍ മാറ്റിവയ്ക്കുകയായിരുന്നു. ചോറോട് പഞ്ചായത്തിലെ 83ാം നമ്പർ ബൂത്തിലെ ഇ.വി.എം മെഷീൻ എണ്ണാനെടുത്തപ്പോൾ നേരത്തെ തന്നെ തുറന്നതായി കണ്ടു. തുടർന്ന് വോട്ടെണ്ണല്‍ മാറ്റി വയ്ക്കുകയായിരുന്നു. പരാതികൾ അന്വേഷിച്ച്‌ വേണ്ട നടപടികൾ എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാവണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എൽ.ഡി.എഫിലെ കെ.കെ ശൈലജയെ പരാജയപ്പെടുത്തിയത്. ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചതിനാല്‍ രണ്ട് ബൂത്തിലെയും വോട്ടു കണക്ക് ഫലത്തെ ബാധിക്കില്ല.

വളരെ പുതിയ വളരെ പഴയ