നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ . റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം .
ഇതിനായി പ്രാഥമിക നടപടിയായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ കേന്ദ്ര സർക്കാർ ജില്ലാ കളക്ടർമാരോടും, ജില്ലാ മജിസ്‌ട്രേറ്റുകളോടും നിർദ്ദേശിച്ചു.
വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും , ജീവൻ സംരക്ഷിക്കുന്നതില്‍ അവയുടെ പ്രധാന പങ്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്ക് വയ്‌ക്കുകയാണ് ആദ്യ ഘട്ടം . നിലവാരമില്ലാത്തതോ ഐഎസ്‌ഐ അല്ലാത്തതോ ആയ ഹെല്‍മെറ്റുകളുടെ നിർമ്മാണം മനുഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്നു.ഇതുവരെ 162 ഹെല്‍മറ്റ് നിർമാണ ലൈസൻസുകള്‍ റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കിന്റെ ദുരുപയോഗം, ഗുണനിലവാരമിലായ്മ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും നടക്കുന്നുണ്ട്.
1988ലെ മോട്ടോർ വാഹന നിയമപ്രകാരം ഹെല്‍മറ്റ് നിർബന്ധമാണ്.ആവശ്യമായ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ റോഡരികില്‍ വില്‍ക്കുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത് പൊതു സുരക്ഷയ്‌ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു, കൂടാതെ റോഡപകടങ്ങളിലെ നിരവധി മരണങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. ബിഐഎസ് ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന നിർമ്മാതാക്കള്‍ക്കെതിരെയും വ്യാജ ഐഎസ്‌ഐ മാർക്ക് ഉപയോഗിക്കുന്നവർക്കെതിരെയും അതുപോലെ തന്നെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ക്കെതിരെയും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുന്നു," സർക്കാർ ഉത്തരവില്‍ പറയുന്നു.
ബിഐഎസ് കെയർ ആപ്പ് വഴിയോ ബിഐഎസ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിർമ്മാതാവിന്റെ ബിഐഎസ് ലൈസൻസ് പരിശോധിക്കാവുന്നതാണ്.