കണ്ണൂർ : കണ്ണൂരില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണത്തില്‍ സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരുക്കേറ്റത്.
വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരുക്ക് കണ്ടത്. മുറിവിൽ ചായപ്പൊടി വെച്ചുകെട്ടി. അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായിലെന്നും ആരോപിച്ചു. കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരുക്കേറ്റത്
മുറിവില്‍ എന്തോ വെച്ച് കെട്ടിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.വൈകീട്ട് കുട്ടി പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പരുക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.