എഡിഎമ്മിന്റെ മരണം; പിപി ദിവ്യ കീഴടങ്ങി

 


എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസില്‍ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ പൊലീസില്‍ കീഴടങ്ങി. കണ്ണൂർ കണ്ണപുരത്താണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇതിന് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കും. 

ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ദിവ്യക്ക് നല്‍കിയിട്ടില്ലെന്നും ജാമ്യഹരജി കോടതിയുടെ മുന്നിലുള്ളതിനാലാണ് അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് കമീഷണർ പറഞ്ഞു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് രാവിലെ ദിവ്യയുടെ ജാമ്യഹരജി തള്ളിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് കാരണമായതോടെ പാർട്ടി നിർദേശത്തെ തുടർന്നാണ് കീഴടങ്ങലെന്നാണ് വിവരം. 

ഒക്ടോബർ 15നാണ് എ.ഡി.എം കെ. നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തി കേസെടുത്തതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവില്‍ പോവുകയായിരുന്നു.


വളരെ പുതിയ വളരെ പഴയ