ന്യൂഡല്‍ഹി: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ജീവനുള്ള പാറ്റയെ പുറത്തെടുത്തു. സഹിക്കാനാവാത്ത വയറുവേദനയും ദഹനപ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. എന്‍ഡോസ്‌കോപിയിലൂടെ വയറ്റില്‍ നിന്നും ജീവനുള്ള പാറ്റയെ പുറത്തെടുക്കുകയായിരുന്നു. 3 സെന്റീമീറ്റര്‍ വലുപ്പമുണ്ട് പാറ്റയ്ക്ക്.
ശക്തമായ വയറുവേദന, ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ട്, ദഹന പ്രശ്‌നം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായാണ് 23കാരന്‍ ഡോക്ടറെ കാണാനെത്തിയത്. ഉറങ്ങിക്കിടക്കുന്ന സമയത്ത് വായക്കുള്ളില്‍ കയറിയ പാറ്റയെ വിഴുങ്ങിയതാകാമെന്ന് ഡോക്ടര്‍ പറയുന്നു.
ചെറുകുടലില്‍ എത്തിയ പാറ്റയെ കൃത്യ സമയത്ത് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.