അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; ഇന്ന് നിർണായകം, ബന്ധുക്കൾ ഷിരൂരിൽ

 


ഷിരൂർ: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് നിർണായകം. ട്രക്കിലുണ്ടായ ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്.

ഈശ്വർ മാൽപ്പെയും സംഘവും തിരച്ചിലിനുണ്ട്. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വർ മാൽപ്പെ  പ്രതികരിച്ചു. ക്യാമറ അടക്കമുള്ള മുങ്ങൽ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടിൽ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മൺകൂനകൾ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം അർജുന്റെ സഹോദരി അഞ്ജു അടക്കമുള്ള ബന്ധുക്കൾ ഷിരൂരിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇവിടെ വരണം, പുഴയുടെ അടുത്ത് സമയം ചെലവഴിക്കണം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നുവെന്നും അഞ്ജു  പറഞ്ഞു. ‘എത്രയും പെട്ടെന്ന് ലോറിയുടെ അടുത്ത് എത്താൻ സാധിക്കുമെന്നാണ് വിശ്വാസം. ഡ്രെഡ്ജർ എത്തിക്കാൻ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ട്. ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സർക്കാരും കൂടെയുണ്ടായി. എന്തെങ്കിലും ഉത്തരം കിട്ടുമെന്ന് വിചാരിക്കുന്നു. ഒരുപാട് പേരുടെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. ഈശ്വർ മാൽപ്പെയെ പോലുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണയുണ്ട്. എല്ലാവരുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി,’ അഞ്ജു പറഞ്ഞു.

എന്നാൽ ഇന്നത്തെ തിരച്ചിലിൽ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജിങ്ങിന്റെ എതിർവശത്ത് നിന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. കൂടാതെ ബാരിക്കേഡുകൾ വെച്ച് റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തിനും പരിധി വെച്ചിട്ടുണ്ട്. ഡ്രഡ്ജർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ച് നേരത്തെ ലോഹഭാഗങ്ങൾ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലിൽ അർജുന്റെ ട്രക്കിന്റെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടർടാങ്ക് ക്യാരിയർ ആണ് കണ്ടെത്തിയത്.

വളരെ പുതിയ വളരെ പഴയ