കണ്ണൂർ :വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമായി കൗൺസലിങ്ങിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമാകുമെന്നും വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്ന് നേരത്തെ കമീഷൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഭാര്യയ്ക്കും ഭർത്താവിനും പുറമെ കുടുംബാംഗങ്ങൾക്കുകൂടി കൗൺസിലിങ് നൽകാൻ സൗകര്യം ഒരുക്കണമെന്നും അവർ പറഞ്ഞു. തൊഴിലിടങ്ങളിൽ നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും ഏറെയാണ്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. അഞ്ച് പരാതി പൊലീസ് റിപ്പോർട്ടിനും ഒരു പരാതി ജാഗ്രതാസമിതി റിപ്പോർട്ടിനുമായി അയച്ചു. ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായത്തിനായി രണ്ടു പരാതി നൽകി. 43 പരാതി അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
വനിതാ കമീഷനംഗം പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, കെ പി ഷിമിത കൗൺസലർ മാനസ ബാബു എന്നിവർ പങ്കെടുത്തു.