ചോമ്പാലയിൽ ഐസ് ക്ഷാമം; ഒരു ബോക്സ് ഐസിന് വേണ്ടി തള്ളുണ്ടാക്കുന്ന ചെറുകിട മത്സ്യതൊഴിലാളികള്‍

  


ചോമ്പാല ഹാര്‍ബറില്‍ ഐസിന്‍റെ ആവശ്യം കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന ഘട്ടത്തില്‍ ഐസ് ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചെറുകിട മത്സ്യ വില്‍പ്പനക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത് . ചോമ്പാല ഹാര്‍ബര്‍ പരിസരത്ത് നാല് ഐസ് പ്ലാന്റും കുഞ്ഞിപ്പളളി ,ചോറോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും പ്ലാന്റുകളാണ് സ്വകാര്യ മേഖലയില്‍ ഉളളത് . ഹാര്‍ബര്‍ എൻജിനീയറിങ് പദ്ധതി പ്രകാരം ഒരു ഐസ് പ്ളാന്‍റിന് കെട്ടിടം പണിതതല്ലാതെ പിന്നീട് ഒരു നീക്കവും നടന്നില്ല . കയറ്റുമതി മത്സ്യം ധാരാളം പിടിക്കുന്ന അവസരത്തില്‍ വന്‍കിട ബിസിനസ്സുകാർ‍ മൊത്തമായി ഐസ് വാങ്ങി അവരുടെ ഫ്രീസിങ്ങ് സൗകര്യമുളള വാഹനങ്ങളില്‍ സംഭരിക്കും . 

നൂറുകണക്കിന് ചെറുകിട വില്‍പ്പനക്കാര്‍ ഒരു ബോക്സ് ഐസിന് വേണ്ടി ഏറെ പ്രയാസപ്പെടുകയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ . വലിയ അയല പോലുളള മത്സ്യങ്ങള്‍  ധാരാളം ലഭിച്ചിട്ടും ഐസ് ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ചെറുകിട കച്ചവടക്കാര്‍ . പതിനായിരത്തോളം  ബോക്സ് മത്സ്യം നിലവില്‍ ചോമ്പാല ഹാർബറിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട് . മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാവുന്നതും ഐസ് ഉദ്പാദനത്തെ സാരമായി ബാധിക്കുന്നു. ചോമ്പാല ഹര്‍ബറിന്‍റെ പ്രൊജക്ട് പ്രകാരം  പണിത കെട്ടിടത്തില്‍ ഐസ് പ്ലാൻറ് സ്ഥാപിക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം ഐസ് പ്ലാൻറ് സ്ഥാപിക്കാനുളള നടപടി ഉടൻ സ്വീകരിക്കുമെന്ന്  ചോമ്പാല  ഹാര്‍ബര്‍ എൻജിനീയർ‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ