കേരളം : മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണെന്ന് വെളിപ്പെട്ടു. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ പൊലീസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന വ്യക്തിയാണ്. സ്ത്രീയെ കൊലപ്പെടുത്തിയതിന് പുറമേ മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. ഈ കേസുകളിലെല്ലാം വിവിധ കോൺഗ്രസ് നേതാക്കൾ അജ്മലിന് താങ്ങും തണലുമായി നിന്നിരുന്നു.
മദ്യലഹരിയിൽ വാഹനമോടിച്ച് നിരത്തുകളിൽ അപകടം സൃഷ്ടിക്കുന്നത് അജ്മലിന് പുതിയ കാര്യമല്ല. മുൻപും സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കാർ ഓടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച കേസിൽ ഇയാൾ പ്രതിയായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം കോൺഗ്രസ് നേതാക്കൾ തന്നെയാണ് അജ്മലിനും സംഘത്തിനും സഹായവുമായി എത്തിയിട്ടുള്ളത്. ഇത്തരം സഹായങ്ങളെ തുടർന്നാണ് അജ്മൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായി മാറിയത്.
അജ്മൽ കോൺഗ്രസിനുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ.സി. വേണുഗോപാലിനുവേണ്ടി കെഎസ്‌യു-യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘത്തിന് നേതൃത്വം നൽകിയത് അജ്മലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും കോൺഗ്രസിനുവേണ്ടി പൂർണപിന്തുണ നൽകിയിരുന്നു. എന്നാൽ, ആംബുലൻസിൽ ചന്ദനം കടത്തിയ കേസ്, മറ്റ് തട്ടിപ്പ് കേസുകൾ, കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജ് കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന തുടങ്ങിയവയിലും അജ്മലിന് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.