നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡ്: നിര്‍മ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു.

 പേരാവൂർ: ചുരം റോഡില്‍ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ പുനർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്.കനത്ത മഴയില്‍ റോഡില്‍ വിള്ളലുകള്‍ രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാണതിനാല്‍ ഒരു മാസം മുൻപാണ് നെടുംപൊയില്‍ -മാനന്തവടി ചുരം പാത ഗതാഗത യോഗ്യമല്ലാതായിത്തീർന്നത്. ഇതോടെ അധികൃതർ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ച്‌ നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.

പിന്നീട് മഴ ശമിച്ചതോടെ ചെറു വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാനായി റോഡ് തുറന്നു നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞതോടെ ചെറു വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നിലവില്‍ കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൊട്ടിയൂർ ബോയ്സ് ടൗണ്‍ മാനന്തവാടി വഴിയിലൂടെയാണ് സർവീസ് നടത്തുന്നത്. നെടുംപൊയില്‍- മാനന്തവാടി ചുരം പാതയില്‍ ബസുകള്‍ക്ക് നിരോധനമുണ്ടായിരുന്നെങ്കിലും പ്രദേശവാസികള്‍ ചെറുവാഹനങ്ങളെ ആശ്രയിച്ചാണ് പേരാവൂരിലും നെടുംപൊയിലിലും എത്തിച്ചേർന്ന് മാനന്തവാടിയിലേക്കും തലശ്ശേരി ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ഇടിഞ്ഞു വീണ മണ്ണ് നീക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ