റിയാദ്: ജിദ്ദയിലെ ഇൻറർനാഷണൽ ഷോപ്പിംഗ് സെൻററിൽ വൻ അഗ്നിബാധ. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നാണ് ഇൻറർനാഷണൽ ഷോപ്പിംഗ് സെൻററിൽ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ എട്ട് മണിക്കുണ്ടായ തീപിടുത്തത്തിൽ ഷോപ്പിംഗ് സെൻററിനകത്തുള്ള സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി ഷോപ്പുകൾ കത്തിയമർന്നതായാണ് വിവരം.
തീപിടുത്തത്തിൽ കോടിക്കണക്കിന് റിയാലിെൻറ നാശനഷ്ടം ഉണ്ടായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് സെൻററിലേക്കുള്ള പ്രവേശനം സുരക്ഷാവിഭാഗം തടഞ്ഞിരിക്കുകയാണ്.
നിരവധി മലയാളികൾ ജോലിചെയ്യുന്ന വിവിധ ഷോപ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്. നാലര പതിറ്റാണ്ട് മുമ്പ് നിലവിൽ വന്ന 75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സെൻററാണിത്. സൂപ്പർ മാർക്കറ്റ്, ആഭരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി 200-ഓളം വിത്യസ്ത ഷോപ്പുകൾ സെൻററിനകത്തുണ്ട്. നിരവധി അന്താരാഷ്ട്ര ബിസിനസ് എക്സ്‌പോകൾക്ക് വേദിയായ ഇൻറർനാഷണൽ ഷോപ്പിങ് സെൻറർ വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. തീപിടിത്തത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല