കണ്ണൂർ : കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണ പ്രകാരം സെപ്തംബർ ആദ്യവാരം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. സെപ്തംബർ 4 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
വടക്ക് കിഴക്കൻ അറബിക്കടലിലും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്‌ന ചുഴലിക്കാറ്റ് അകന്നു പോകുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ചുഴലിക്കാറ്റ് രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. അതേസമയം, തെക്കൻ ഒഡിഷയ്ക്കും തെക്കൻ ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത മഴ: കേരളത്തിലെ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേരള-കർണാടക തീരങ്ങളിൽ നിലനിൽക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.