കേരളം :ലൈംഗികപീഡന കേസിൽ എം.മുകേഷ് എംഎൽഎയ്‌ക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ ഇല്ല. അന്വേഷണസംഘത്തിന് സർക്കാർ നിർദ്ദേശം നൽകിയതായാണ് സൂചന. മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നായിരുന്നു മുൻപ് ലഭിച്ചിരുന്ന വിവരം.
ഇതിനുള്ള ആലോചനകൾ എസ്‌ഐടി നടത്തവെയാണ് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം എത്തിയത്. എസ്‌ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ മുകേഷിന് മുൻകൂർ ജാമ്യം നൽകിയത്. മുകേഷിന്റെ കാര്യത്തിൽ അപ്പീൽ നൽകാത്ത പക്ഷം ഇടവേള ബാബുവിന് ജാമ്യം ലഭിച്ച കേസിലും സർക്കാർ അപ്പീൽ നൽകില്ല.
പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച് രഹസ്യ വാദത്തിന് ശേഷമാണ് മുകേഷിന് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയും സെഷൻസ് കോടതി തീർപ്പാക്കിയിരുന്നു. ഈ ഉത്തരവിൽ വ്യക്തത വരുത്തിയ ശേഷമാകും കേസിലെ തുടർനടപടികൾ എന്നായിരുന്നു മുൻപുള്ള ധാരണ.ഓഗസ്റ്റ് 26നാണ് നടി, മുകേഷടക്കം ഏഴുപേർക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയിൽ വഴി പ്രത്യേക അന്വേഷണ സംഘത്തിന് പരാതിയും നൽകി. മരട് പൊലീസാണ് മുകേഷിനെതിരായ കേസന്വേഷണം നടത്തിയത്. സെപ്‌തംബർ അഞ്ചിനാണ് മുകേഷിന് കോടതി ജാമ്യം അനുവദിച്ചത്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്ക് കള്ളം ലോകം ചുറ്റിക്കഴിഞ്ഞിരിക്കുമെന്നാണ് മുകേഷ് തനിക്കെതിരായ കേസിനെക്കുറിച്ച് പ്രതികരിച്ചത്.