ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു; ആശങ്കാജനകമായ റിപ്പോർട്ട്.


കേരളം : ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യയിലെ യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്കിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്കിൽ വൻ വർധനവാണ് കാണുന്നത്. പ്രതിദിനം ഏകദേശം 160 യുവാക്കൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസിന് താഴെയുള്ള യുവാക്കളാണ്. 15-19 വയസ്സ് വരെയുള്ള ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിലെ മരണ കാരണങ്ങളിൽ പ്രധാന കാരണമായി ആത്മഹത്യ മാറിയിരിക്കുന്നു. 2022ൽ മാത്രം 1.71 ലക്ഷം പേർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തുവെന്നും എൻസിആർബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

സമ്മർദ്ദമേറിയ കുടുംബ പശ്ചാത്തലം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രണയബന്ധങ്ങളിലുണ്ടാകുന്ന പരാജയം, സുഹൃത്തുക്കൾ തമ്മിലുള്ള മോശമായ ബന്ധവും ഏകാന്തതയും എന്നിവയാണ് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആഗോളതലത്തിൽ ഓരോ വർഷവും 7,00,000ത്തിലധികം ആത്മഹത്യകൾ നടക്കുന്നുണ്ടെന്നും, ഇത് ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വളരെ പുതിയ വളരെ പഴയ