മാഹി: പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്യൂണിറ്റി കോളേജിന് സ്വന്തമായി കെട്ടിടവും കാംപസും നിർമിക്കുന്നതിന് സ്ഥലം കണ്ടെത്താൻ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എ. നമശ്ശിവായം പറഞ്ഞു. പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്യൂണിറ്റി കോളേജ് സന്ദർശിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഇത് സംബന്ധിച്ച് നിവേദനം നല്കിയിരുന്നു. രമേശ് പറമ്പത്ത് എം.എൽ.എ., റീജണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിമിതമായ സൗകര്യമുള്ള വാടകക്കെട്ടിടത്തിലാണ് നിലവിൽ മാഹി കേന്ദ്രം പ്രവർത്തിക്കുന്നതെന്നും ഇതുകാരണം വിദ്യാർഥികൾ ഏറെ പ്രയാസപ്പെടുകയാണെന്നും യൂണിവേഴ്സിറ്റി സെന്റർ തലവൻ ഡോ. എം.പി. രാജൻ വിശദീകരിച്ചു.വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിലടക്കം ഏറെ തൊഴിൽ സാധ്യതയുള്ള തൊഴിലധിഷ്ഠിത ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് മാഹി കേന്ദ്രം കമ്യൂണിറ്റി കോളേജിലുള്ളത്. സാധാരണ ബിരുദ കോഴ്സുകളിൽനിന്ന് വ്യത്യസ്തമാണ് മാഹി കേന്ദ്രത്തിലേതെന്നും തൊഴിൽ സാധ്യത ഏറെയുള്ള വിവിധ കോഴ്സുകളെക്കുറിച്ചും മന്ത്രിയോട് കേന്ദ്രം മേധാവി വിശദീകരിച്ചു. സ്വന്തം കെട്ടിടവും ക്യാമ്പ് സൗകര്യങ്ങളും ലഭ്യമായാൽ കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ മാഹി കേന്ദ്രത്തിൽ തുടങ്ങാൻ കഴിയും.മാഹി കേന്ദ്രത്തിലെ പരിമിതികൾ കാരണം നേരത്തെ ഉണ്ടായിരുന്ന എം.എ. എക്കോണോമെട്രിക്സ്, എം.ഫിൽ. കോഴ്സുകൾ മാഹി കേന്ദ്രത്തിൽ നിന്നും കേന്ദ്ര സർവകലാശാലയിലേക്ക് മാറ്റിയതായും നിവേദനത്തിൽ വ്യക്തമാക്കി.