വീട്ടുമുറ്റത്ത് കാലിന് പരിക്കുള്ള മയിൽ, 'കൊന്ന് കറി വെച്ചാലോ'ഒരു നിമിഷ നേരത്തെ തോന്നൽ, ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിൽ.

 


കണ്ണൂർ: തളിപ്പറമ്പിലെ തോമസിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോൾ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്പുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് തോമസിൻ്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്പെടുത്ത് തോമസ് എറിഞ്ഞു.ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് 3 മുതൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ