സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്.


കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദവും അറബിക്കടലിന്റെ കേരള തീരത്തെ ന്യുനമർദപാത്തിയുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായിരിക്കുന്നത്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം വടക്കു ദിശയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കുകയും അതിതീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തി രൂപപ്പെട്ടിരിക്കുന്നു.

ഇതിന്റെ ഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് യാതൊരു തടസ്സവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതുമാണ്.

വളരെ പുതിയ വളരെ പഴയ