വയനാട്: വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ട്. മഴ കനത്താൽ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാനും മണ്ണ് ഉറയ്ക്കാത്തതിനാൽ പതിക്കാനും സാധ്യതയുണ്ട്. മതിയായ മുൻകരുതൽ വേണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. പുഞ്ചിരിമട്ടത്തിനോട് ചേർന്നുള്ള പാറയിടുക്കിൽ ‘ഡാമിങ് ഇഫക്ട്’ ഉണ്ടാകാനുള്ള സാധ്യതയാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫക്ട് എന്ന് വിളിക്കുന്നത്.
പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി കഴിഞ്ഞ ഉരുൾപൊട്ടലിൽ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കിൽ കുത്തിയൊലിച്ചെത്തിയ ഉരുൾ അടിയാം. ഇത്തരം ഇടുക്കിൽ ഉരുൾ അടിയുന്നത് നിമിഷനേരം കൊണ്ട് മർദം താങ്ങാതെ അണക്കെട്ട് പൊട്ടുംപോലെ സംഭവിക്കാം. 2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നത് ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.