കൂത്തുപറമ്പ് : കോട്ടയം പഞ്ചായത്തിനെ ബാലസൗഹ്യദ പഞ്ചായത്തായി ഞായറാഴ്ച രാവിലെ 11-ന് കെ.പി.മോഹനൻ എം.എൽ.എ പ്രഖ്യാപിക്കും.കുട്ടികളുടെ സമഗ്രവികസനരേഖ 'ബാലഗാഥ' സംസ്ഥാന ബാലാവകാശ കമ്മീഷണർ കെ.വി.മനോജ് കുമാർ പ്രകാശനം ചെയ്യും.പഞ്ചായത്ത് ഓഫിസിൽ സജ്ജമാക്കിയ കുട്ടികളുടെ വായനമൂല ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.പി. ശോഭ ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ക്ഷേമം മുൻനിർത്തി കഴിഞ്ഞ അഞ്ച് വർഷങ്ങളായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.
ജില്ലയിൽ ആദ്യമായി ബാലസൗഹൃദ ബജറ്റ് അവതരിപ്പിച്ചത് കോട്ടയം പഞ്ചായത്താണ്. രണ്ടുകോടി രൂപയുടെ പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.ഈ വർഷം കുട്ടികൾക്ക് വേണ്ടി മാത്രമായി 55 പദ്ധതികൾ നടപ്പാക്കുന്നു.ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗികാരം ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ സമഗ്ര വികസനരേഖ പ്രസിദ്ധീകരിക്കുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി കോട്ടയം മാറും.ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സമഗ്ര വികസനരേഖ തയ്യാറാക്കിയത്.സംസ്ഥാനത്ത് ആദ്യമായി വില്ലേജ് എജ്യൂക്കേഷൻ രജിസ്റ്റർ വിദ്യാരേഖ എന്ന പേരിൽ പഞ്ചായത്ത് പ്രസിദ്ധീകരിച്ചിരുന്നു.കുട്ടികളുടെ വികസനവുമായി ബന്ധപ്പെട്ട് കളിയൂഞ്ഞാൽ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ,സെക്രട്ടറി ഒ.സി.റിജിരാജ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ദിലീപ്കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
പി ജിഷ എന്നിവർ പങ്കെടുത്തു.