തലശ്ശേരി : ദേശീയ റാങ്കിങ്ങിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സ്ഥാനം വീണ്ടും നൂറിന് മുകളിലായതിനെത്തുടർന്ന് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23-ന് നേരിട്ടുകാണാൻ മുഖ്യമന്ത്രി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കി(എൻ.ഐ.ആർ.എഫ്.)ന്റെ 2024-ലെ പട്ടികയിൽ 113-ാം റാങ്കാണ് ബ്രണ്ണന്‍. കഴിഞ്ഞവർഷം 115 ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെ നാല് സർക്കാർ കോളേജുകളും 12 എയ്ഡഡ് കോളേജുകളും നൂറിൽ താഴെയുള്ള പട്ടികയിലെത്തി. ഈ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ. കൂടിയായ മുഖ്യമന്ത്രി പ്രിൻസിപ്പലിനെ വിളിച്ചത്. എന്താണ് പിന്നാക്കം പോകാൻ കാരണമെന്ന് അന്വേഷിച്ച ശേഷമാണ് നേരിട്ടുകാണാൻ ആവശ്യപ്പെട്ടത്.
പിണറായിയിൽ നടക്കുന്ന പൊതുപരിപാടിക്കുശേഷം കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലായിരിക്കും കൂടിക്കാഴ്ച. 23-ന് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വിളിപ്പിച്ചകാര്യം പ്രിൻസിപ്പൽ ഇൻ ചാർജ് ജെ.വാസന്തി സ്ഥിരീകരിച്ചു. ''100-ന് മുകളിലാണെങ്കിലും കണ്ണൂർ സർവകലാശാലയിൽ ഏറ്റവും ഉയർന്ന റാങ്ക് ബ്രണ്ണൻ കോളേജിനാണ്. എവിടെയാണ് പോരായ്മ സംഭവിച്ചതെന്ന് വിശദമായ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കും''-അവർ പറഞ്ഞു.