Zygo-Ad

ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ.


കേരളം : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലാണെന്ന് അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ വ്യക്തമാക്കി. തിരച്ചിൽ എന്ന് പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ വെളിപ്പെടുത്തി.

തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറെയോ സ്ഥലത്തെ എം.എൽ.എയെയോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. തൃശൂരിൽ നിന്നുള്ള യന്ത്രം കൊണ്ടുപോകുന്നതിലും തീരുമാനമായിട്ടില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം കർണാടക ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയതായി അറിയിച്ചു. തിരച്ചിൽ പുനരാരംഭിക്കാൻ കർണാടക സർക്കാരിൽ സമ്മർദം ചെലുത്തിയതായും തിരച്ചിൽ വീണ്ടും ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 16-ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. 13 ദിവസം കരയിലും ഗംഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചത്. പുഴയിലെ ഒഴുക്കും ജലനിരപ്പും കുറയുമ്പോൾ തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു കർണാടക സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.

വളരെ പുതിയ വളരെ പഴയ