പഴയങ്ങാടി: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ കക്കാടൻചാലിലെ ടി.ആദർശിൻ്റെ (21) പരാതിയിലാണ് മാട്ടൂലിലെ ജിപ്സനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.
14 ന് രാത്രി 7 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. കക്കാടൻ ചാലിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരനെ മർദ്ദിക്കുകയും മുറ്റത്തെ ജില്ലിയിലേക്ക് തള്ളിയിടുകയും തടയാൻ ചെന്ന മാതാപിതാക്കളെ ഹെൽമെറ്റ് കൊണ്ട് അടിക്കുകയും സഹോദരിയെ കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിനു തലേദിവസം പരാതിക്കാരൻ്റെ സഹോദരിയെ പ്രതി ചീത്ത വിളിച്ചതു പ്രതിയുടെ ഭാര്യയോട് അമ്മ പറഞ്ഞതിലുള്ള വിരോധമാണ് അക്ര മത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.