മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്.
ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന ഉത്സവമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും.