Zygo-Ad

അശ്ലീല കമന്റിട്ട ആ ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതി നൽകി


കണ്ണൂർ:അശ്ലീല കമന്റിട്ട സംഭവത്തില്‍ 'കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി', എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അരുവിക്കര മൈലം സ്വദേശി ജി വിശ്വാസിന്റെ (രഞ്ജിത്) ചിത്രം.

എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സാ ധനസഹായം ആവശ്യപ്പെട്ട് കേരള എക്സിബിഷൻ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തെറ്റായി പ്രചരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച വയനാട് ഉരള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരായ കൈകുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയായിരുന്നു അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കമന്റുകളില്‍ ഒന്ന് കണ്ണൂർ സ്വദേശി ജോർജിൻറേതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ജോർജിന്റെ പേരില്‍ പ്രചരിക്കുന്നത് കൈയ്ക്ക് പരിക്കേറ്റു പ്ലാസ്റ്ററിട്ട് ചികിത്സയില്‍ കഴിയുന്ന വിശ്വാസിന്റെ ചിത്രമാണ്. ഇക്കഴിഞ്ഞ ജൂലൈ 26-ന് നെയ്യാറ്റിൻകരയില്‍ ഉണ്ടായ കാർ അപകടത്തിലാണ് വിശ്വാസിന് പരിക്കേറ്റത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിശാസിന്റെ ചിത്രം നിരവധി പേർ ഷെയർ ചെയ്തതോടെ വിശ്വാസിനെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവുമാണ് നടക്കുന്നത്.

അതേസമയം ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഒരാഴ്ച്ചയായി ചികിത്സയിലാണ്. താൻ കൂടി അംഗമായ എക്സിബിഷൻ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ചികിത്സ സഹായം നല്‍കുന്ന പതിവുണ്ട്. ഇതിനായാണ് താൻ തന്റെ ചിത്രം പങ്കുവെച്ചതെന്ന് വിശ്വാസ് പറയുന്നു. ഫോട്ടോ പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ പ്രചരിക്കുകയായിരുന്നുവെന്നും രാത്രിയിലാണ് ഇക്കാര്യം താൻ അറിയുന്നതെന്നും വിശ്വാസ് പറയുന്നു.

ഫോട്ടോ മാത്രം വെച്ചും മോശമായ പ്രചാരണമുണ്ടായതായും വിശ്വാസ് പറഞ്ഞു. അതേസമയം ടെൻഷൻ കാരണം ഇന്നലെ മുതല്‍ ആഹാരവും വെള്ളവും കഴിച്ചിട്ടില്ല. എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിലായതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാൻ ഇതുവരെ കഴിഞ്ഞില്ല. അതേസമയം, മെഡിക്കല്‍ കോളേജ് പൊലീസില്‍ ഫോണില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശ്വാസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ