പിണറായി :മൂന്നു ദിവസമായിട്ടും ഓടക്കാട്ട് വെള്ളമൊഴിഞ്ഞിട്ടില്ല. ടൗണിലുള്ള കടകളെല്ലാം വെള്ളത്തിലാണ്. തോണി ആശ്രയിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. ഊർപ്പള്ളിയിൽ ചൊവ്വാഴ്ച ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്നു കുടുംബങ്ങളെ കൂടി മാറ്റി പാർപ്പിച്ചു. ചൊവ്വാഴ്ച ക്യാമ്പ് ആരംഭിക്കുമ്പോൾ 23 പേരാണ് ഉണ്ടായിരുന്നത്. നിലവിൽ 37 പേരുണ്ട്.
മമ്പറംപുഴ കരകവിഞ്ഞതിനെ തുടർന്ന് അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ഗതാഗതം ബുധനാഴ്ചയും നിലച്ചു. റോഡിലേക്ക് വെള്ളം കയറിയതിനെതുടർന്ന് മമ്പറം ടൗണിലെ ജുമാ മസ്‌ജിദിന് മുൻവശം പൊലീസ് ബാരിക്കേഡിട്ട് ഗതാഗതം തടഞ്ഞു. മമ്പറം ടൗണിൽ ബുധനാഴ്ച രാവിലെ മുതൽ വെള്ളം ഉയരുകയായിരുന്നു. പുഴവക്കിൽ ഉള്ള രശ്മി ട്രേഡേഴ്‌സിൻ്റെ ഗോഡൗണിലെ സാധ നങ്ങൾ സന്നദ്ധ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മമ്പറം പള്ളി കഴിഞ്ഞ് കടകൾക്ക് മുന്നിൽവരെ വെള്ളം എത്തി.
