ഇന്ന് ശ്രീനാരായണഗുരു ജയന്തി ആഘോഷിക്കുകയാണ്. സമൂഹത്തിന്റെ നന്മയ്ക്കായി മാത്രം പ്രവർത്തിച്ച മഹാനായ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന എന്നും പ്രസക്തമായ ആപ്തവാക്യം നൽകിയ അദ്ദേഹം, എല്ലാത്തരം സാമൂഹ്യ തിന്മകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടി. മനുഷ്യവംശത്തിന്റെ യാത്രാവഴികളിൽ ഒരു കെടാവിളക്കായി ശ്രീനാരായണ ഗുരു ഇന്നും പ്രകാശം പരത്തുന്നു.
വിഭാഗീയതകളും വേലിക്കെട്ടുകളുമില്ലാത്ത, മനുഷ്യർ സമാധാനത്തോടെ വാഴുന്ന ലോകമായിരുന്നു ശ്രീനാരയണ ഗുരുവിന്റെ സ്വപ്നം. എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു അദ്ദേഹം പോരാടിയത്. സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കിയ ഗുരു, ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു.
അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വലാധ്യായങ്ങളാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി. ഗുരുദർശനങ്ങൾക്ക് എന്നത്തെക്കാളും പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നത്. വരും തലമുറകൾക്കും ഗുരു പഠിപ്പിച്ച പാഠങ്ങൾ വഴികാട്ടിയാകാൻ, അവ പകർന്നുകൊടുക്കാൻ മനുഷ്യരാശിക്ക് കഴിയണം. ഗുരുദർശനങ്ങൾ ആഴത്തിൽ അറിയുകയും മനസിലാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.