തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതരമായ ശസ്ത്രക്രിയാ പിഴവ് സംഭവിച്ചതായി ആരോപണം. നെയ്യാറ്റിൻകര സ്വദേശിയായ ഷിനു (38) എന്ന രോഗിയുടെ മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്ത നിലയിലാണ് കണ്ടെത്തിയത്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന ഷിനുവിന് കഴിഞ്ഞ ശനിയാഴ്ചയാണ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ മുറിവ് പരിശോധിച്ചപ്പോഴാണ് ഈ ഗുരുതര പിഴവ് കണ്ടെത്തിയതെന്നാണ് വാർത്തകൾ. ഉടൻ തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും പരിഹാരം കാണാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്ന് ഷിനുവിനെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ വ്യക്തമാക്കി. കൈയുറ മുതുകിൽ തുന്നി ചേർത്തതിന്റെ ദൃശ്യങ്ങൾ 24 ന്യൂസ് അടക്കം വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം യുവാവിന് നൽകിയത് കൃത്യമായ ചികിത്സയെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
