കേരളം: ഇന്ന് ചിങ്ങം ഒന്ന്, കേരളത്തിന്റെ പുതുവർഷത്തിന് തുടക്കമിടുന്ന ദിനം. ഈ വർഷം മറ്റൊരു പ്രത്യേകതയും കൂടിയുണ്ട് – പുതിയ നൂറ്റാണ്ടിന്റെ ആരംഭം കൂടിയാണിത്. കൊല്ലവർഷം 1200ലേക്ക് കടക്കുകയാണ്, അതായത് കേരളം പതിമൂന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുകയാണ്. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്, വർഷം മുഴുവനും മറ്റുള്ളവർക്കുവേണ്ടി അധ്വാനിക്കുന്ന കർഷകരെ ആദരിക്കുന്ന ദിനം.
കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളിയുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. തോരാമഴയുടെയും വറുതിയുടെയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി, കർക്കടത്തിലെ കഷ്ടതകൾ മറക്കാനുള്ള പ്രചോദനം കൂടിയാണ്. കാണം വിറ്റും ഓണം ഉണ്ണാൻ നാടും വീടും ഒരുങ്ങുന്ന ദിവസങ്ങൾക്ക് തുടക്കമാകുകയാണ്. തുമ്പയും മുക്കൂറ്റിയും കണ്ണാന്തളിയും പൂവിടുന്ന തൊടിയും പറമ്പും, സ്വർണവർണമുള്ള നെൽക്കതിരുകൾ പച്ചപ്പാടങ്ങൾക്ക് ശോഭപകരുന്നു. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങളാണ് ചിങ്ങത്തിലുണ്ടാകുക.
കൊല്ലവർഷത്തെ പന്ത്രണ്ട് മാസങ്ങളായി തിരിച്ചിരിക്കുന്നു, ചിങ്ങം മുതൽ കർക്കിടകം വരെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന രീതിയിൽ. സൗരരാശിയുടെ അടിസ്ഥാനത്തിലാണ് മാസത്തിലെ ദിവസങ്ങളുടെ എണ്ണം നിർണയിക്കുന്നത്. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിൽ കൊല്ലവർഷത്തിലെ ഒരു പുതിയ നൂറ്റാണ്ടിന് കൂടി തുടക്കമാകുകയാണ്, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും കാർഷിക ജീവിതത്തിന്റെയും പുതിയ അധ്യായം തുടങ്ങുകയാണ്.