മാലൂർ: മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടമ്മയെ തെരുവുനായ ആക്രമിച്ച് ശരീരമാസകലം കടിച്ചുപരിക്കേൽപ്പിച്ചു. മാലൂർ സിറ്റിക്കടുത്ത കോയ്യോടൻ വീട്ടിൽ കെ. ശൈലജയ്ക്കാണ് (48) നായയുടെ കടി യേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. നായ ശൈലജയെ കഴുത്തിനു കടിച്ചു.
മൽപ്പിടിത്തത്തിനിടയിൽ വീണ ശൈലജയുടെ കൈക്കും കടിച്ചു. നിലവിളി കേട്ട് വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ഭർത്താവ് ഓടിവന്ന് നായയെ ഓടിക്കുകയായിരുന്നു.
മട്ടന്നൂർ ഗവ. ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ശൈലജയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശൈലജയുടെ വീട്ടിൽ നായ എത്തുന്നതിനുമുമ്പ് സമീപത്തുള്ള ഷൈജുവിൻറെ വീട്ടിനകത്തേക്ക് ഈ നായ കയറാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ കസേര കൊണ്ട് അടിച്ചതിനാൽ ഓടിപോവുകയായിരുന്നു. ഏറെ നേരം ഭീതിപരത്തിയ നായയെ നാട്ടുകാർ തല്ലിക്കൊന്നു.