കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു. എച്ച് ആർ കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.
ഹൈറിച്ച് ഉടമകളുടേത് സമാനതകളില്ലാത്ത തട്ടിപ്പാണെന്നാണ് ഇ ഡി പറയുന്നത്. ക്രിപ്റ്റോ കറൻസിയുടേയും മൾട്ടി ലെവൽ മാർക്കെറ്റിങ്ങിൻ്റെയും മറവിലായിരുന്നു തട്ടിപ്പ്. മെമ്പർഷിപ്പ് ഫീ എന്ന പേരിലാണ് ഇടപാടുകാരിൽ നിന്നും തുക കൈപ്പറ്റിയത്. ഹൈറിച്ച് സ്മാർട്ട് എന്ന കമ്പനിയിലൂടെയാണ് ക്രിപ്റ്റോ ഇടപാടുകൾ നടത്തിയത്. 15 ശതമാനം പലിശയായിരുന്നു ക്രിപ്റ്റോ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തിരുന്നത്.
1.63 ലക്ഷം നിക്ഷേപകരിൽനിന്ന് 1630 കോടി തട്ടിയെടുത്തുവെന്നാണ് സംസ്ഥാന പൊലീസും എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിത്.