ചെറുവാഞ്ചേരി : ഫോണിലെ സ്റ്റാറ്റസ് കണ്ടു തലശ്ശേരിയിൽ എത്തി രോഗിക്ക് രക്തം ദാനം ചെയ്ത യുവതിക്ക് അഭിനന്ദനങ്ങൾ പ്രവാഹം.ചെറുവാഞ്ചേരി ടൗണിൽ ബുക്ക്സ്റ്റാൾ നടത്തുന്ന ഷിബിന ജോഗേഷാണ് കനത്ത മഴയെ അവഗണിച്ച് ചെറുവാഞ്ചേരിയിൽ നിന്ന് തലശ്ശേരി സഹ. ആശുപത്രിയിലെത്തി രക്തദാനം നടത്തിയത്.
തിങ്കളാഴ്ച രാത്രി വൈകിയാണ് അപൂർവമായി ഡൊണേഴ്സിനെ ലഭിക്കുന്ന ബി - നെഗറ്റീവ് രക്തം വേണമെന്ന ആവശ്യം ബ്ലഡ് ഡൊണേഴ്സ് കേരള ഭാരവാഹികൾ അറിയുന്നത്. രാത്രി വൈകിയതും കനത്ത മഴയുമായതിനാൽ ഡൊണേഴ്സിനെ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് ഫോണിൽ സ്റ്റാറ്റസ് വച്ചതെന്ന് ബിഡികെ പ്രവർത്തകൻ സമീർ പെരിങ്ങാടി പറഞ്ഞു. സ്റ്റാറ്റസ് കണ്ട് ആശുപത്രിയിൽ എത്തി രക്തം നൽകിയ സഹേദരിക്ക് തലശ്ശേരി ടീം ബിഡികെ അഭിനന്ദനമറിയിച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് ചെറുവാഞ്ചേരിയിലും വിവരം പരന്നത്. ഷിബിനയുടെ നന്മനിറഞ്ഞ പ്രവർത്തനത്തെ ചെറുവാഞ്ചേരി എകെജി സാംസ്കാരിക കേന്ദ്രം അനുമോദിച്ചു. അഭിനന്ദന പ്രവാഹത്തിൻ്റെ സന്തോഷത്തിലാണ് ഇപ്പോൾ ഷിബിന.
