Zygo-Ad

പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം; മധുരവും കയ്പ്‌പുമായി മാഹി ജനത.


മാഹി: മുണ്ടോക്ക് പ്രദേശത്ത് നിന്ന് മാഹി പോസ്റ്റ് ആന്റ് ടെലഗ്രാഫ് ഓഫീസ് നാല് പതിറ്റാണ്ട് മുൻപ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയെങ്കിലും നാട്ടുകാരിൽ ഇന്നും നൊസ്റ്റാൾജിയ ഉണർത്തുകയാണ് ആപഴയ ഓർമ്മകൾ. മധുര സ്വപ്‌നങ്ങളുടെയും വേദനകളുടെയും ഹംസമായിരുന്ന പോസ്റ്റ് മാസ്റ്റർമാരായ ജോൺ, കോട്ടക്കാരൻ നാരായണൻ എന്നിവരാണ് നാട്ടുകാരുടെ മനസിൽ തെളിഞ്ഞു നിൽക്കുന്നത്. വാട്ട്സ്‌ആപ്പ് പോലുള്ള ആധുനിക സമുഹമാധ്യമങ്ങൾ ചിന്തയിൽ പോലുമില്ലാത്ത കാലത്ത് ഇവരാണ് കമ്പി (ടെലഗ്രാം) യുമായി മേൽവിലാസക്കാരനെ തേടിയെത്തുക. പതിവ് സമയത്തല്ലാതെ പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വീട്ടുകാരുടെ മനസിൽ ഉറ്റവരുടെ മരണ വിവരവുമായാണോ വരുന്നതെന്ന ആധിയായിരിക്കും. അതേ സമയം കല്യാണ വീടുകളിൽ വിദേശത്തും സ്വദേശത്തുനിന്നുമുള്ള ഒരു കെട്ട് ടെലഗ്രാം ആശംസകളുമാ യെത്തുന്ന തപാൽ ജീവനക്കാരനെ ബഹുമാനത്തോടെ കസേരയിട്ട് സ്വീകരിക്കും. മധുരം നൽകിയാണ് മാഹിക്കാർ തിരിച്ചയച്ചിരുന്നെതെന്ന് അന്നത്തെ തലമുറയിലുള്ളവർ പറയുന്നു. മണിയോർഡറുമായി എത്തുന്ന പോസ്റ്റ്‌മാൻമാരും ഗൾഫിലുള്ള ഭർത്താവിൽ നിന്നുള്ള 'പ്രേമലേഖനം' കാത്തു നിന്ന പെൺകുട്ടികളും മൊബൈൽ ഫോണിന്റെ വരവോടെ ഇന്ന് ഓർമ്മകൾ മാത്രമായി. പന്തക്കലിൽ നിന്ന് മാഹിയിലെ പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാൻ ജോലിക്കായി കാൽ നടയായി എത്തിയിരുന്ന പ്രഭാകരനെയും മാഹി ജനതക്ക് മറക്കാനാവില്ല.

മാഹി മേഖലയിലെ ഒട്ടേറെ ചെറുപ്പക്കാർ വിദേശങ്ങളിൽ ജോലി ചെയ്‌തിരുന്നു. കുടുംബത്തിലെ ആരുടെയെങ്കിലും വേർപാടുണ്ടായാൽ ഏത് പാതിരാത്രിയിലും കമ്പിയടിക്കാനുള്ള സൗകര്യം മാഹി പോസ്റ്റ് ഓഫീസിൽ ഒരുക്കിയിരുന്നു. ഇന്ന് ടെലഗ്രാം സംവിധാനം തന്നെയില്ലാത്തതിനാലും മണിയോർഡർ നാമമാത്രമായതിനാലും ജനങ്ങളും തപാൽ ഓഫീസുമായുള്ള ഇഴയടുപ്പം നന്നെ കുറവുമായി. പഴയ മാഹി പോസ്റ്റാഫീസ് മാഹിക്കാരുടെ മനസിലും രേഖകളിലും എന്നുമുണ്ടാകും. പ്രദേശത്തിന്റെ ലാന്റ് മാർക്കും ഐഡൻ്റിറ്റിയും പഴയ പോസ്റ്റോഫീസിന് സമീപമെന്നത് തന്നെയാണ്. ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയകെട്ടിടം പൊളിക്കാൻ തയ്യാറാവാത്തതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ദുരന്തമുണ്ടാകുന്നതിന് മുൻപ് മാഹി ഭരണകുടത്തിൽ നിന്ന് നടപടികളുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ