മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുണ്ടായ പ്രതിസന്ധി ഒഴിയുന്നില്ല. ഇന്നും പല വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. ഉടനെ പ്രശ്‌നപരിഹാരമുണ്ടാവുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിക്കുന്നത്.
ഇന്നലെ മാത്രം ഇരുന്നൂറോളം വിമാന സര്‍വീസുകളാണ് രാജ്യത്തുടനീളം മുടങ്ങിയത്. ഇതില്‍ നൂറ്റി തൊണ്ണൂണ് സര്‍വീസുകള്‍ ഇന്‍ഡിഗോയുടേത് മാത്രം. ഇന്ന് പ്രതിസന്ധിക്ക് നേരിയ അയവ് വന്നിട്ടുണ്ട്. ഇന്നലെ ഇന്‍ഡിഗോയുടെ 9 വിമാനങ്ങളാണ് മുംബൈയില്‍ റദ്ദാക്കിയതെങ്കില്‍ ഇന്ന് രണ്ട് സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയിലേക്കും വാരാണസിയിലേക്കുമുള്ള സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളുടെ സമയം വ്യാപകമായി മാറ്റേണ്ടി വന്നിട്ടുണ്ട്.
മൈക്രോസോഫ്റ്റ് വിൻഡോസിന്റെ തകരാർ മൂലം കണ്ണൂർ വിമാനത്താവളത്തിൽ സർവീസുകൾ വൈകി. വെബ് ചെക് ഇൻ മുടങ്ങിയതാണ് സർവീസുകൾ വൈകാനിടയാക്കിയത്. ഇതോടെ വിമാനക്കമ്പനി ജീവനക്കാർ എഴുതിയാണ് യാത്രക്കാർക്ക് ബോർഡിങ് പാസുകൾ നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ഇൻഡിഗോയുടെ മുംബൈ, െബംഗളൂരു സർവീസുകൾ, വൈകീട്ടുള്ള ദോഹ സർവീസ്, എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ സർവീസ് എന്നിവയാണ് വൈകിയത്. വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമ, ദോഹ, ദുബായ്, ഇൻഡിഗോയുടെ ഹൈദരാബാദ് എന്നീ സർവീസുകളും വൈകി. കണ്ണൂരിലേക്ക് എത്തിച്ചേരുന്ന വിവിധ സർവീസുകളും വൈകിയിട്ടുണ്ട്.
