പാനൂർ :അശാസ്ത്രീയ രീതിയിൽ സെപ്റ്റിക് ടാങ്ക് നിർമിച്ച് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട നടപടി പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. പെരിങ്ങത്തൂർ കെഎസ്ഇ ബി ഓഫീസിന് സമീപം ഇരുപതോളം അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വാടക വീട്ടിലാണ് വൃത്തിഹീനമായ കക്കൂസും സെപ്റ്റിക് ടാങ്കുമുള്ളത്. പൈങ്ങാട്ടേരി ഹക്കീമാണ് വാടക വീട് നടത്തിക്കുന്നത്. കോൺക്രീറ്റ് സ്ലാബിന് പകരം മരങ്ങളും ഓലകളും മണ്ണിട്ടുമൂടിയാണ് സെപ്റ്റിക് ടാങ്കുള്ളത്. കെട്ടിടത്തിൻ്റെ പിന്നിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. കുളിമുറിയിൽനിന്നുള്ള മലിനജലവും മുറ്റത്തേക്കാണ് ഒഴുക്കിവിടുന്നത്. പ്രദേശത്ത് ദുർഗന്ധം സഹിക്കാനാവാത്ത സ്ഥിതിയാണ്. കൊതുക് ശല്യവും രൂക്ഷം. നിരവധി തവണ നഗരസഭ അധികൃതരെയും വാർഡ് കൗൺസിലറെയും അറിയിച്ചിട്ടും രേഖാ മൂലം പരാതി നൽകിയിട്ടും അനു കൂല നടപടിയുണ്ടായില്ല എന്ന് സമീപവാസികൾ പറയുന്നു.