കൈവശം വച്ചിരിക്കുന്ന ഭൂമിയോ മറ്റ് വസ്തുക്കളോ വിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റിലെ നിർദ്ദേശം. വസ്തു വിറ്റ് കിട്ടിയ ലാഭത്തിന് മേലുള്ള നികുതി ഒഴിവാക്കുകയും ദീർഘകാല മൂലധന നേട്ട നികുതി 12.5 ശതമാനമാക്കി കുറയ്ക്കുകയുമാണ് കേന്ദ്രം ചെയ്തതെങ്കിലും ഫലത്തിൽ ഇത് റിയൽ എസ്റ്റേറ്റ് ആസ്തി വിൽക്കുന്നവർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ശരാശരി നികുതി കുറയാൻ കാരണമാകുമെന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും അഞ്ച് വർഷത്തിലേറെയായി ഒരു വസ്തു കൈവശം വച്ചിരിക്കുന്നവർ നിലവിലെ നികുതി നിർദ്ദേശം പ്രകാരം ഉയർന്ന നികുതി കൊടുക്കാൻ നിർബന്ധിതരാകും.
പണപ്പെരുപ്പത്തിൻ്റെ അടിസ്ഥാനത്തിൽ വസ്തു വില നിശ്ചയിക്കുന്ന സൂചികയായ ഇൻഡെക്സേഷൻ ക്ലോസ് ഒഴിവാക്കിക്കൊണ്ടുള്ളതാണ് പുതിയ നിർദ്ദേശം. മുൻകാലങ്ങളിൽ ഇൻഡെക്സേഷൻ ക്ലോസ് ഉണ്ടായിരുന്നപ്പോൾ വസ്തു വിറ്റ് കിട്ടുന്ന ലാഭം ഉടമസ്ഥ കാലയളവിലെ പണപ്പെരുപ്പ തോതിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ ശേഷം ലഭിക്കുന്ന യഥാർത്ഥ ലാഭത്തിന് മേലാണ് നികുതി ഈടാക്കിയിരുന്നത്. ദീർഘകാലമായി കൈവശം വെക്കുന്ന സ്ഥലങ്ങൾ വിൽക്കുമ്പോൾ ഉടമകൾക്ക് ഇതിലൂടെ വൻ തുക ലാഭിക്കാൻ സാധിക്കുമായിരുന്നു.
