Zygo-Ad

ജവാൻ ഇ എം നിജിൽ സ്‌റ്റോപ്പിൽ ബസ് കാത്തിരുന്നു മുഷിയേണ്ട,വായന ലോകത്ത് ‘കയറാം’

 


മട്ടന്നൂർ :ഉരുവച്ചാൽ- ശിവപുരം റോഡിലെ ജവാൻ ഇ എം നിജിൽ സ്‌റ്റോപ്പിൽ ബസ്സ് കയറാൻ എത്തുന്നവർ ഇനി കാത്തിരുന്ന് മുഷിയേണ്ട. പത്രങ്ങളും മാസികകളും വായിച്ച് വായനയുടെ ലോകത്ത് സഞ്ചരിക്കാം. ഉരുവച്ചാൽ റെഡ്സ്റ്റാർ സെന്റർ ലൈബ്രറി യാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 'വഴിയോര വായന' പേരിൽ പ്രസിദ്ധീകരണങ്ങൾ നൽകുന്ന പദ്ധതി ആരംഭിച്ചത്. ഉരുവച്ചാലിൽനിന്ന് ഗ്രാമീണ മേഖലയായ ശിവപുരം, മാലൂർ, തില്ലങ്കേരി പ്രദേശങ്ങളിലേക്ക് നഗരമേഖലകളിലേത് പോലെ ബസ്സ് സർവീസുകളില്ല. ഒരുബസ്സ് പോയശേഷം അടുത്തത് വരാൻ അരമണിക്കൂറിലധികമാകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം ബസ്സ് ഇറങ്ങിയാൽ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്.

ബസ്സ് കാത്തിരുന്ന് വെറുതേ കളയുന്ന സമയം വായനയ്ക്ക് പ്രയോജനപ്പെടുത്തട്ടെ എന്നത് മുന്നിൽ കണ്ടാണ് ലൈബ്രറിയു ടെ നേതൃത്വത്തിൽ ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്നത്. ആദ്യഘട്ടത്തിൽ  വിവിധ പത്രങ്ങളും മാസികകളും ഒരുക്കിയിട്ടുണ്ട്. അടുത്തഘട്ടത്തിൽ കഥകളും കവിതകളും നോവലുകളുമടക്കമുള്ള പുസ്തകങ്ങൾ ശേഖരിച്ച് ഒരു മിനി ലൈബ്രറിയാക്കാനുള്ള ലക്ഷ്യത്തിലാണ് സംഘാടകർ. പദ്ധതിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. എ കെ രാജീവൻ അധ്യക്ഷനായി. കൗൺസിലർ കെ കെ അഭിമന്യു, പി രവീ ന്ദ്രൻ, പി അജേഷ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ