തലശ്ശേരി : സി.പി.എം. പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എട്ട് ബി.ജെ.പി. പ്രവർത്തകർക്ക് കോടതി തടവും പിഴയും ശിക്ഷവിധിച്ചു. കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമല ചിറ്റാരി ഹൗസിൽ ദിനേശനെ തടഞ്ഞുവെച്ച് വാൾകൊണ്ട് തലയ്ക്ക് വെട്ടുകയും ഇരുമ്പുവടികൊണ്ട് കൈകാലുകൾ അടിച്ചുപരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച സ്ത്രീയെ തള്ളിയിട്ടെന്നുമാണ് കേസ്.വിവിധ വകുപ്പുകൾ പ്രകാരം 20 വർഷവും ഏഴുമാസവും തടവിനും 77,000 രൂപ വീതം പിഴയടക്കാനും തലശ്ശേരി അഡീഷണൽ അസി .സെഷൻസ് ജഡ്ജി എം. ശ്രുതി ശിക്ഷിച്ചു.
പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസവും 10 ദിവസവും തടവ് അനുഭവിക്കണം. നരിക്കോട്ടുമലയിലെ പടിയത്ത് വളപ്പിൽ ഹൗസിൽ പി.ആർ.രവി (50), പിലാക്കണ്ടി അഭിലാഷ് (39), പിലാക്കൂൽ ഹൗസിൽ ആന്റു (45), വള്ളിയിൽ ഹൗസിൽ സതീശൻ (41), തെനിയാടൻ ഹൗസിൽ സുഷാന്ത് (36), അക്കരമ്മൽ സജീവൻ (37), പൊരുന്നൻ ചന്ദ്രൻ (50), കൈവേലിക്കലിലെ വിഷ്ണു എന്ന വിജേഷ് (44) എന്നിവരെയാണ് ശിക്ഷിച്ചത്.പ്രതിയായ നരിക്കോട്ട്മലയിലെ തെനിയാടൻ ചന്തുക്കുട്ടി സംഭവശേഷം മരിച്ചു. നരിക്കോട്ട് മല ക്വാറിയിൽ 2009 ഒക്ടോബർ 14-ന് രാവിലെ 10-നാണ് സംഭവം.പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രീതി പറമ്പത്ത്, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രകാശൻ എന്നിവർ ഹാജരായി.