കേരളം : ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ പൊതുമേഖലയിലെ ആദ്യ കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂൾ ഈയാഴ്ച തുറക്കും. പൊതുജനങ്ങൾക്ക് ഇരുചക്രവാഹനങ്ങൾ മുതൽ ബസ് വരെ ഓടിക്കാൻ പരിശീലനം നൽകുന്നതാണ് സ്ഥാപനം. കെ.എസ്.ആർ.ടി.സി.യുടെ ആനയറ സ്റ്റേഷന് സമീപത്താണ് ഡ്രൈവിങ് പഠനത്തിന് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. അട്ടക്കുളങ്ങരയിലുള്ള കെ.എസ്.ആർ.ടി.സി. സ്റ്റാഫ് ട്രെയിനിങ് കോളേജിലാണ് തീയറി ക്ലാസുകൾ നടക്കുക.
ഇരട്ട നിയന്ത്രണ സംവിധാനമുള്ള (ക്ലച്ച്, ബ്രേക്ക്) ബസുകൾ നേരത്തെയുണ്ടെങ്കിലും കാറും, ഇരുചക്രവാഹനങ്ങളും അടുത്തിടെ വാങ്ങിയതാണ്. ഓൾട്ടോ കെ 10 കാർ, ഹീറോ ബൈക്ക് എന്നിവയ്ക്ക് പുറമെ ഗീയറില്ലാത്ത സ്കൂട്ടറുമാണുള്ളത്.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ഡ്രൈവിങ് സ്കൂളുകാർ ആവശ്യപ്പെടുമ്പോൾ പുതിയ വാഹനങ്ങളാണ് കെ.എസ്.ആർ.ടി.സി. തിരഞ്ഞെടുത്തിട്ടുള്ളത്. എം 80 ക്ക് പകരമാകും ഹീറോയുടെ ബൈക്ക് ഇടം പിടിക്കുക. ഗീയർ ഇല്ലാത്ത വിഭാഗത്തിലും പുതിയ മോഡൽ വാഹനമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഈയാഴ്ച മുഖ്യമന്ത്രി ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് അറിയുന്നു. രണ്ട് പരിശീലകരെ നിയോഗിച്ചിട്ടുണ്ട്. പഠിതാക്കൾ കൂടുതലുണ്ടെങ്കിൽ രണ്ടുപേരെക്കൂടി നിയമിക്കും. അട്ടക്കുളങ്ങരയിൽ ഗ്രൗണ്ട് സജ്ജീകരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. പാർക്കിങ് സ്ഥലമാണ് മണ്ണിട്ട് ഉയർത്തി ട്രാക്ക് നിർമിക്കുക. ഇതിനൊപ്പം 10 ഡ്രൈവിങ് സ്കൂളുകൾകൂടി ആരംഭിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രതിഷേധിച്ച് ഡ്രൈവിങ് സ്കൂളുകാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി.യോട് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ സർക്കാർ നിർദേശിച്ചത്. പാറശ്ശാല, ആറ്റിങ്ങൽ, ചടയമംഗലം, ചാത്തന്നൂർ, എടപ്പാൾ, മാവേലിക്കര എന്നിവയാണ് അടുത്തതായി പട്ടികയിലുള്ളത്. ഇവിടേയ്ക്ക് മറ്റു വാഹനങ്ങൾ വാങ്ങാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.